ഓണക്കാലത്ത് പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം ?

September 7, 2022

ഡോ. എൻ.ജി. കൻജൻ

ഇന്റേണൽ മെഡിസിൻ കൺസൽട്ടന്റ്

എം.ബി.ബി.എസ്, എം.ഡി (ഇന്റേണൽമെഡിസിൻ)

 

എല്ലാവർഷവും ചിങ്ങം ഒന്നിന് (ആഗസ്റ്റ്- സെപ്തംബർ) ദക്ഷിണേന്ത്യക്കാർ വി​ശേഷിച്ച് മലയാളികൾ ഓണം ആഘോഷിക്കുന്നു. നാടുകാണാൻ തിരികെയെത്തുന്ന അസുര രാജാവായ മഹാബലിയെ വരവേൽക്കാനാണ് ഓണം ആഘോഷിക്കുന്നത്. കേരളത്തിന്റെ സമ്പൽസമൃദ്ധിയുടെ കാലം കൂടിയായിരുന്നു മഹാബലി നാടുവാണ കാലം. ആ കാലത്തിന്റെ ഓർമക്കായാണ് 10 ദിവസം നീളുന്ന ഓണാഘോഷം മലയാളികൾ കെ​ങ്കേമമായി ആഘോഷിക്കുന്നത്. അതിനുപുറമെ, ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. തൂശനിലയിൽ വിളമ്പുന്ന തുമ്പപ്പൂപോലുള്ള ചോറും പച്ചടി, കിച്ചടി, അച്ചാർ, പപ്പടം, ഉപ്പേരി, പായസം തുടങ്ങി 26 തരം വിഭവങ്ങളുമായി വിളമ്പുന്ന ഓണസദ്യ ആഘോഷത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഓണം അതിന്റെ ഗരിമയിൽ അറിഞ്ഞും അനുഭവിച്ചും ആസ്വദിക്കണമെങ്കിൽ രുചികരമായ ഭക്ഷണ വൈവിധ്യത്തിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലണം. നിങ്ങൾ പ്രമേഹ രോഗിയോ പ്രമേഹത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളയാളോ ആണെങ്കിൽ ഓണക്കാലത്തെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ രക്തത്തിലെ പ്രമേഹനിലയെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. 

ഓണസദ്യയിലെ വിഭവങ്ങൾ പലതും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താൻ പോന്നതാണ്. ഇത് ഹൃദയ സംബന്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തകരാറുകളിലേക്ക് നയിക്കുകയും ശരീരത്തിന്റെ  പ്രതിരോധ ശേഷിയെ തകർക്കുകയും ഫംഗസ്, ബാക്ടീരിയ തുടങ്ങിയവകൊണ്ടുള്ള അണുബാധക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇത്  പ്രമേഹബാധിതരിലാണ് സംഭവിക്കുന്നത്. അതിനാൽ, ഓണക്കാലം രുചിവൈിധ്യത്തിൽ ആഘോഷിക്കുന്നതിനൊപ്പം തന്നെ വ്യായമങ്ങളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ, സദ്യ ആസ്വദിച്ച് ഓണം ആഘോഷിക്കുന്നതിനൊപ്പം തന്നെ എങ്ങനെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവും? അതിനു നിങ്ങളെ സഹായിക്കുന്ന ലളിതമായ ചില മാർഗങ്ങളുണ്ട്. 

രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതമായി നിലനിർത്താൻ 

സഹായകരമായ ചില എളുപ്പ മാർഗങ്ങൾ

1. നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുന്നത് വർധിപ്പിക്കുക

രുചികരമായ ഓണവിഭവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളം അടങ്ങിയിട്ടുള്ള പാനീയങ്ങളോ നോൺ കാർബണേറ്റഡ് ബിവറേജുകളോ ആയിരിക്കണം ഉപയോഗിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന കാർബണേറ്റഡ് പാനീയങ്ങളും  പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം. ആഘോഷത്തിരക്കിൽ ദാഹം തോന്നുമ്പോൾ പഞ്ചസാര അടങ്ങിയ പാനീയങ്ങളോ അർധ പാനീയ വിഭവങ്ങളോ കഴിക്കുന്നതിന് പകരം പച്ചവെള്ളം കുടിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഏറെ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ ഹനിച്ച് പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയുന്ന ഔഷധ ചായ പോലുള്ളവ ഉപയോഗിക്കാം. 

2. കർമനിരതരായിരിക്കുക, സമ്മർദ്ദങ്ങൾ ഒഴിവാക്കുക

മനസ്സിലെ സമ്മർദ്ദങ്ങൾ ഒഴിവാക്കി ഓണാഘോഷം ആനന്ദകരമാക്കുകയാണ് വേണ്ടത്. ആഘോഷ പരിപാടികളുടെ ഒരുക്കത്തിലും മറ്റും സജീവമായി പ​ങ്കെടുക്കുക. അതോടൊപ്പം ദിനേനയുള്ള വ്യായാമവും തുടരുക. എപ്പോഴും കർമനിരതനായിരിക്കുന്നതും സമ്മർദ്ദങ്ങളെ മനസ്സിൽനിന്ന് അകറ്റുന്നതും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ സഹായിക്കും. യോഗ, വ്യായാമം, ഉൽസാഹത്തോടെയുള്ള നടത്തം, മറ്റു പതിവ് ഫിറ്റ്നസ് പ്രവർത്തനങ്ങൾ തുടങ്ങി ശാരീരിക പ്രവർത്തനങ്ങൾക്കായി കുറച്ചുസമയം കണ്ടെത്തണം. ഇത്തരം പ്രവർത്തനങ്ങൾ പൊണ്ണത്തടി ഒഴിവാക്കാൻ ഉപകരിക്കുന്നതോടൊപ്പം ഓണാഘോഷക്കാലത്തെ  പ്രമേഹസംബന്ധിയായ അപകടങ്ങളിൽനിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അതിനാൽ, കർമ നിരതരാവുക. മനസ്സിലെ സമ്മർദ്ദങ്ങളെ പാടെ ഒഴിവാക്കുക. 

3. മരുന്നുകൾ കൃത്യ സമയത്ത് കഴിക്കുക

ഓണക്കാലത്ത് നിങ്ങൾ ആഘോഷ പരിപാടികളുടെയും മറ്റും തിരക്കിലാവുമ്പോഴും പ്രമേഹം നിയന്ത്രിക്കാനുള്ള നിങ്ങളുടെ മരുന്ന് കൃത്യസമയത്ത് കഴിക്കാൻ ഒരിക്കലും മറന്നുപോവരുത്. നിർദേശിക്കപ്പെട്ട മരുന്നുകൾ യഥാ സമയത്ത് കഴിക്കാൻ ഓർമപ്പെടുത്താൻ നിങ്ങളുടെ മൊബൈൽഫോണിൽ അലാറം സെറ്റ് ചെയ്താൽ മതിയാകും. നിങ്ങൾ ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ കൃത്യസമയത്ത് തന്നെ ഇൻസുലിൻ എടുക്കുക എന്നത് നിർണായകമാണ്. അല്ലാത്തപക്ഷം, അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും.  കൈയിൽ കൊണ്ടു നടക്കാവുന്ന പ്രമേഹ പരിശോധന കിറ്റ് കൂടെ കരുതുക. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയോ താഴുകയോ ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുകേയാ അതിന്റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുകയോ ചെയ്താൽ അവയുടെ സേവനം ഉപയോഗപ്പെടുത്തി പ്രമേഹ നില പരിശോധിക്കുക.  

4. മധുരപലഹാരങ്ങളും മധുര വിഭവങ്ങളും  ഒഴിവാക്കുകയോ പരിമിതപ്പെടുത്തുക​യോ ചെയ്യുക

മധുരമൂറുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങൾ എല്ലാവരെയും കൊതിപ്പിക്കുന്നതാണ്. സേമിയ പായസം, പാലട പ്രഥമൻ, ഉണ്ണിയപ്പം, പഴം ഹലുവ, പഴം പൊരി തുടങ്ങി പല മധുര വിഭവങ്ങളും ഈ ഓണത്തിന് നിങ്ങളുടെ തീൻമേശയിലുണ്ടാവും. ഇവ വാരിക്കോരി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നതിൽ സംശയമില്ല. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യത്തോടെ നിലനിർത്താൻ ഇത്തരം വിഭവങ്ങൾ ഒന്നുകിൽ കഴിക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കിൽ പരിമിതമായ തോതിൽ കഴിക്കുകയോ ചെയ്യുക. മധുര പലഹാരങ്ങളുംമധുര വിഭവങ്ങളും തയാറാക്കുമ്പോൾ പ്രകൃതിപരമായ മധുരങ്ങൾ ചേർക്കുന്നതും നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. 

5. വ്രതം ഒഴിവാക്കുക

ഓണക്കാലത്ത് ചിലരെങ്കിലും വ്രതം അനുഷ്ഠിക്കാറുണ്ട്. നിങ്ങൾ ടൈപ്പ് -ഒന്ന്, ടൈപ്പ്- രണ്ട് പ്രമേഹരോഗികളാണെങ്കിൽ വ്രതമെടുക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനിടയാക്കും. ആഘോഷക്കാലത്ത വ്രതം ഒഴിവാക്കാനാവാത്തതാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധപുലർത്തണം. നിങ്ങൾ പ്രമേഹ ബാധിതരോ അല്ലെങ്കിൽ മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരോ ആണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടരമായ തോതിൽ കുറയുന്നത് നിർബന്ധമായും തടയേണ്ടതുണ്ട്. വ്രതം ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. 

6. കഴിക്കുന്നതിന് മുമ്പ് ചിന്തിക്കുക

26 വിഭവങ്ങൾ വാഴയിലയിൽ നിരത്തിയുള്ള സദ്യ കാണുമ്പോൾതന്നെ നിങ്ങൾക്ക് കഴിക്കാതിരിക്കാൻ മനസ്സുവരില്ല. എന്നാൽ, സദ്യവട്ടം ആസ്വദിക്കുന്നതിനൊപ്പം തന്നെ അവ കഴിക്കുമ്പോൾ മിതത്വം പാലിക്കുകയാണ് ആരോഗ്യത്തിന് നല്ലത്. നിങങൾ പ്രമേഹബാധിതരാണെങ്കിൽ ഇഷ്ടപ്പെട്ട ഭക്ഷണം വാരിക്കോരി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും.  മധുരത്തിൽ പൊതിഞ്ഞതും നന്നായി എണ്ണയിൽ വറുത്തതുമായ വിഭവങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാവുന്നതാണ്. പുഴുങ്ങിയ വിഭവങ്ങളും പോഷകങ്ങൾ അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്താം. ഭക്ഷണത്തിൽ പോഷക ക്രമീകരണം നടത്തുന്നത് നല്ലതാണ്. അനാരോഗ്യകരമായ സ്നാക്സിന് പകരം  നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കാൻ കഴിയുന്ന അണ്ടിപ്പരിപ്പ്, ബദാം പോലുള്ള നട്സും മറ്റു പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  

ഈ ഓണക്കാലത്ത് നിങ്ങളുടെ ശരീരത്തിലെ ഷുഗർ തോത് നിങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് മെഡിക്കൽ സഹായം ആവശ്യമാണെങ്കിൽ https://specialisthospital.in/ എന്ന വെബ്സൈറ്റ് വഴിയോ 080 4212 2222 എന്ന എമർജൻസി കാൾ സർവിസ് വഴിയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. ഞങ്ങളുടെ മികച്ച ഡോക്ടർമാരും ആരോഗ്യപരിചരണ വിദഗ്ദരും നിങ്ങൾക്ക് സേവനം നൽകാൻ സദാ സന്നദ്ധരാണ്. പ്രമേഹസംബന്ധമായ പ്രശ്നങ്ങളിൽനിന്ന് നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനാവശ്യമായ മാർഗങ്ങൾ ഞങ്ങളുടെ ടീം അംഗങ്ങൾ നിങ്ങൾക്ക് യഥാസമയം നൽകും. നിങ്ങളുടെ പ്രമേഹനില  സംബന്ധിച്ച് ഞങ്ങളുടെ വിദഗ്ദരായ മെഡിക്കൽ സേവന സംഘത്തിന്റെ കരുതലോടെ കൂടി  ഇനി ഓണാഘോഷം കെ​ങ്കേമമാക്കൂ.  

Find a Doctor Request an Appointment Book a Healthcheck